Thursday 7 March 2013

വർത്തമാനം

വർത്തമാനത്തിന്റെ പൊള്ളുന്ന പൊരുളിലേക്ക്
ഒരില വാടി വീഴുന്നു...
ബാല്യത്തിന്റെ കൊഞ്ചലുകളിലേക്ക്
ഇര മണത്ത കഴുകന്റെ കൂർത്ത നഖങ്ങളായ്
കാമം പറന്നിറങ്ങുന്നു...
യൗവ്വനത്തിന്റെ സ്വപ്നങ്ങളും മോഹങ്ങളും
കത്തിമുനയിൽ തുളച്ചിറങ്ങുന്നു...
സ്വാന്തനം കൊതിക്കുന്ന ഉണർവ്വിലേക്ക്
വിലാപങ്ങളും കണ്ണിരും പെയ്തിറങ്ങുന്നു...
അക്ഷരങ്ങൾക്ക് പകരം വിളനിലങ്ങളിലേക്ക്
പകയും വിദ്വേഷവും വിത്തെറിയുന്നു...
മണ്ണിന്റെ ഊഷ്മളതയിലേക്ക്
ശവം നാറിപൂക്കൾ വേരുകൾ പടർത്തുന്നു...
നാടോടുമ്പോൾ നടുവേയെന്ന്
പുതുചിന്തകൾ അടിവരയിടുന്നു...
“കലികാലം...കലികാലം...”എന്ന്
മരണം മണത്ത വാർദ്ധ്യക്യം പിറുപിറുക്കുന്നു...
വർത്തമാനത്തിന്റെ പൊള്ളുന്ന പൊരുളിലേക്ക്
ഒരില.........